Showing posts with label gulannagar. Show all posts
Showing posts with label gulannagar. Show all posts

Thursday, 3 March 2011

ലാബില്‍ ഇന്‍ കേസ്






ഗുലാന്‍ നഗര്‍ :  ലാബില്‍ ഇന്‍ കേസ് പുനര്‍ വിചാരണ ഡിസംബര്‍ 22 ന് നടത്തുമെന്ന് കോടതി വക്താവ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . പ്രോസിക്യുഷന്   വേണ്ടി  അഡ്വക്കേറ്റ് കം ടീച്ചര്‍  വിജയകുമാരി  അവര്‍കളും , മീര അവര്‍കളും ഹാജരായി. പ്രതികള്‍ക്ക് വേണ്ടി പ്രശസ്തരായ  അഡ്വക്കേറ്റ് രഞ്ജിത്തും ,അഡ്വക്കേറ്റ് പിള്ളയും ഹാജരായി .         
                                                         
                                                               കേസിനെക്കുറിച്ച് പോലീസെ പറയുന്നതിങ്ങനെ ; 2006 ഡിസംബര്‍ 22 ന്   ആണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. അന്നേദിവസം ശാസ്താംകോട്ട  കോളേജില്‍ ക്രിസ്മസ് ദിനാഗോഷങ്ങള്‍ നടക്കുകയായിരുന്നു .അന്ന് കോളേജില്‍ എത്തിയ പ്രതികളായ വിനീതും (24),രാജീവും (24 ) ഫിസിക്സ്‌ ലാബില്‍ കയറി മദ്യപിച്ചു മധോന്മത്തരായി , കോളേജില്‍ അലമ്പുണ്ടാക്കി .ക്രിസ്മസ് ദിനത്തില്‍ ഉണ്ടായേക്കാവുന്ന 
ദുരന്തം മുന്നില്‍ കണ്ടു വിജയകുമാരി ടീച്ചര്‍ കൊടുത്ത മുന്നറിയിപ്പ് ,  അതായതു കോളേജില്‍ ഏതാക്കെയോ ക്ലാസ്സില്‍ കുട്ടികള്‍ മദ്യപിച്ചു വന്നു അലബുണ്ടാക്കുന്നത് പ്രിന്‍സിപ്പല്‍ അറിഞ്ഞിട്ടുണ്ടെന്നും അതിനു തക്കതായ ശിക്ഷ കൊടുക്കുമെന്നും , നമ്മുടെ കൂട്ടത്തിലും അങ്ങനെ ഉള്ളവര്‍ ഉണ്ടോ എന്ന് അവര്‍ക്ക് സംശയം ഉണ്ടെന്നും പറഞ്ഞു കൊടുത്ത മുന്നറിയിപ്പിനെ കാറ്റില്‍ പറത്തി   ആണ്  പ്രതികള്‍ കുറ്റകൃത്യം ചെയ്തത് . കൃത്യ ദിവസം പ്രതികള്‍ കോളേജിലെ  ലാബില്‍ കയറി മദ്യപിച്ചു എന്നാണ് പ്രോസിക്യുഷന്‍ വാദം. പ്രതികളെ കസ്റ്റടിയില്‍  എടുക്കുമ്പോള്‍ കണ്ടെത്തി എന്ന് പറയുന്ന മദ്യകുപ്പി ആണ് പ്രധാന തെളിവായി പ്രോസിക്യുഷന്‍ എടുത്തു പറയുന്നത് . അന്ന് തന്നെ നടത്തിയ തെളിവെടുപ്പില്‍ കൂട്ടു പ്രതികള്‍ ആയി അതുല്‍ (24), ശ്രീരാജ്(24) , ജിബിന്‍ (24),പിന്നെ  പിടികിട്ടാ പുള്ളി അനൂപ്‌ എന്നാ അച്ചായന്‍ എന്നിവര്‍ ഉള്ളതായി തെളിഞ്ഞു . കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്ന രോഹിത് (24) എന്ന ലോക്കല്‍ ചെറുപ്പക്കരനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല .                                                                                                                                             
                                                                               കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സകല തെളിവുകളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും എന്ന് എസ്. ഐ മോഹന്‍കുമാര്‍ സാറും , സി. ഐ ലീല ടീച്ചറും അറിയിച്ചു . സി. ഐ  ലീല   ടീച്ചെറിനു കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ ആണ് കേസിനു വഴിത്തിരിവായത്‌ .സാഹചര്യ തെളിവുകളും ഭാഗ്യവും കൂട്ടിനു  ഉണ്ടായതിനാല്‍ മാത്രമാണ് കേസിലെ പ്രതികളുടെ സ്ഥിരം കൂട്ടാളികളായ പിള്ള ,അഭിലാഷ് ഹരി ,അനൂപ്‌ ,അനീഷ്‌ ,പിന്നെ  രഞ്ജിത്തും രക്ഷപെട്ടത് എന്ന് ഞങ്ങളുടെ ലേഖകന് പ്രത്യേകം  നടത്തിയ  അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് . അന്നേ ദിവസം ഉച്ചവരെ കാമുകിയുമായി കറങ്ങി, ഉച്ചകഴിഞ്ഞ് മദ്യപിക്കാന്‍ ഇരുന്ന പിള്ളയും, ഒട്ടാന്‍ കാശ് ഇടാതെ ഒരു തുള്ളി കൊടുക്കില്ല എന്ന് പറഞ്ഞതിന് പിണങ്ങി പോയ രഞ്ജിത്തും രക്ഷപെട്ടത് തല നാരിഴയ്ക്കാന്. ഏതോ ട്യുഷന് പോയ ബന്ധത്തില്‍ ഉള്ള ചേച്ചിയുടെ അടുത്ത് പറയും എന്ന് ക്ലാസ്സിലെ പെണ്‍കുട്ടികള്‍ ഭീഷണി പെടുത്തിയതിനാല്‍ ക്ലാസ്സിലെ മറ്റു വലിയ കുടിയന്മാരായ അനീഷും ,അഭിലാഷും ,കൊച്ചു കുടിയന്മാരായ ഹരിയും അനൂപും അന്നേ ദിവസം ഇതില്‍ ചേര്‍ന്നില്ല . മാന്യതയുടെ മൂഖം മൂടി അണിഞ്ഞ അവര്‍ ഇന്നു പ്രതികള്‍ക്കായി  വാദിക്കുന്നു, വിധിയുടെ വിളയാട്ടം !!!!!!!!!
                                                                                      പ്രതികളുടെ വക്കിലന്മാര്‍ പറയുന്നതിങ്ങനെ ; തന്റെ കക്ഷികള്‍ ഇ കേസില്‍ നിരപരാധികള്‍ ആണ് ,പോലീസിന്റെ മൃഗിയമായ പീഡനം കൊണ്ടാണ് അവര്‍ കുറ്റം സമ്മതിച്ചത് , തങ്ങളുടെ കക്ഷികള്‍ അന്നേ ദിവസം മദ്യപിച്ചിരുന്നു എന്നത് സത്യമാണ് എന്നാല്‍ അത് ലാബില്‍ ഇരുന്നല്ല എന്നും മറിച്ചു ഗുലാന്‍ നഗറില്‍ വച്ചായിരുന്നു  എന്നും അവര്‍ വാദിക്കുന്നു. മദ്യപിച്ചു കഴിഞ്ഞു കാമ്പസില്‍ കയറിയ കക്ഷികള്‍ വെള്ളം കുടിക്കാനായി ലാബില്‍ കയറിയ തക്കം കൊണ്ട്  നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ കിട്ടിയ പോലീസ് കക്ഷികളെ വളയുകയായിരുന്നു . ലാബില്‍ നിന്നും അതി ക്രൂരമായി മര്‍ദനം ഏറ്റ കക്ഷികള്‍ കുറ്റം സമ്മതിക്കുക ആയിരുന്നു എന്നും അവര്‍ വാദിക്കുന്നു. 
                                                                                   ലാബില്‍ നിന്നും കണ്ടെത്തിയതായി പറയുന്ന തൊണ്ടി സാധനങ്ങളായ  ഗ്ലാസ്‌ , മദ്യ കുപ്പി   എന്നിവ ലാബ്‌ അസിസ്റ്റാന്ടുമര്‍ക്ക്   ക്ലാസ്സിലെ ചില മാന്യന്മാര്‍  ആയ  അഭിലാഷ് ,അനീഷ്‌ ,ഹരി ,അനൂപ്‌ എന്നിവര്‍ വാങ്ങി കൊടുത്തതാണെന്നും, അവരുടെ പേരുകള്‍ പരാമര്‍ശിച്ചു കൊണ്ട് പ്രതികളില്‍ ഒരാളായ രാജീവ് ആരോപിച്ചു . കൂടുതല്‍ തെളിവുകള്‍ക്കായി ഇവരെ കൂടി ചോദ്യം ചെയ്യണം എന്നും രാജരക്തം എന്ന് അറിയപ്പെടുന്ന രാജീവ് ആവശ്യപെട്ടു . ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌  പ്രകാരം ഇവരും നിരീക്ഷണത്തില്‍ ആയിരുന്നു . ഇവര്‍ ആ സമയം മദ്യപിച്ചില്ല  എന്ന ഒറ്റ കാരണത്തില്‍ ആണ് അവരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താതെ ഇരുന്നത് .കേസിനെ കുറിച്ച് പ്രതികളില്‍ ഒരാളായ ലോലന്‍ എന്നറിയപ്പെടുന്ന വിനീതിന്റെ അച്ഛന്റെ   പ്രസ്താവനയും  ഇവര്‍ക്ക് എതിരാവുക ആയിരുന്നു . "പിടിച്ചത്   അരകുപ്പി  ആണെങ്ങില്‍ ബാക്കി ഉള്ളവര്‍ നിരപരാധികള്‍ ആണെന്നും , അത് തന്‍റെ മകന് പോലും തികയില്ല എന്നും ആണ് അദ്ദേഹം പറഞ്ഞത് ." ഈ പ്രസ്താവന കേസില്‍ പ്രതികള്‍ക്ക് എതിരാകും എന്ന് കണ്ടു  മാറ്റി പറഞ്ഞ അദ്ദേഹത്തെ  കൂറുമാറ്റ  ചട്ട പ്രകാരം കോടതി തനിയെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
                                                         "സത്യത്തെ  മൂടി വെക്കാം, വളച്ചൊടിക്കാം;പക്ഷെ ഒരു നാള്‍ അത് മറ നീക്കി പുറത്തു വരും ".............  യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍ കേസ് ഡിപാര്‍ട്ട്‌മെന്റില്‍  നിന്നും മാറ്റി സി.ബി.ഐ  ക്ക്  വിടണം എന്നും അവര്‍ വാദിച്ചു.  
                                                                          കോളിളക്കം സൃഷ്‌ടിച്ച ഈ കേസില്‍  പോലീസിന് തെറ്റു പറ്റിയോ ?? കേസ്  സി.ബി.ഐ ക്കു വിടണോ ?? നിങ്ങള്‍ തീരുമാനിക്കുക . എന്തായാലും നിഷ്കളരായ ഒരു പറ്റം യുവാക്കളുടെ ജീവിതം വെച്ചാണ്‌ അവര്‍ പന്താടിയത്. സംഭവം നടന്നു എന്നേക്കു 4  വര്‍ഷം കഴിഞ്ഞു . ഇന്നു അവര്‍  നല്ല കുട്ടികള്‍ ആയി എന്നതാണ് മറ്റൊരു സത്യം , ഇതെല്ലാം ശാസ്താംകോട്ട   അയ്യപ്പന്‍റെ ലീലകളോ ?
                                                         നിങ്ങള്‍ക്കു  ഈ കേസിന്‍റെ വിധി എന്താകുമെന്നു പ്രവചികാമോ? തന്നിരിക്കുന്നവയില്‍ നിന്നും തിരഞ്ഞെടുക്കാം അല്ലെങ്ങില്‍ നിങ്ങള്‍ക്കു വിധിക്കാം .
1 )  പ്രതികളെ നല്ല നടപ്പിനു ശിക്ഷിക്കും  .
2 ) പ്രതികളെ മരണം വരെ കുടിപ്പിച്ചു കൊല്ലും .
3 )  പ്രതികളെ വെറുതെ വിടും 
എല്ലാവര്‍ഷവും ഡിസംബര്‍ 22 നു നടക്കുന്ന പുനര്‍ വിചാരണയില്‍ ഉള്‍പ്പെടാന്‍  എല്ലാവരെയും ഗുലാന്‍ നഗറിലേക്ക് ക്ഷണിച്ചു കൊള്ളുന്നു . 

Monday, 7 February 2011

അഴീക്കലിലേക്ക് ഒരു വിനോദയാത്ര

                                                        അങ്ങനെ വല്ലപ്പോഴും എം. സി. എ അസോസിയെഷനുമായി കഴിഞ്ഞു കൂടുന്ന കാലം , പഠനത്തിന്‍റെ അവസാന കാലമാകുമ്പോള്‍ ക്യാമ്പസ്‌ റിക്രുട്മേന്റ്റ് എന്ന കലാപരിപാടി അരങ്ങേറും എന്നറിഞ്ഞു എല്ലാവരും അവരവരെ കൊണ്ട് ആവും വിധം പഠിച്ചും സഹിച്ചും കഴിഞ്ഞ സമയം,അങ്ങനെ ആ നാലു അഞ്ചു മാസം ഞങ്ങളുടെ മനസ്സും മാവേലിയുടെ സ്വന്തം നാട് പോലെ ശാന്തിയും സമാധാനവും നിറഞ്ഞു നിന്നു.

                                                   കൂട്ടുകാരില്‍ ചിലര്‍ക്കൊക്കെ പണി കിട്ടി , അതില്‍ ചിലര്‍ക്ക് പ്രോജെക്ടും കിട്ടി , " പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നേരെയവുല്ലല്ലോ ,അത് പോലെ ഉള്ള ചില പകല്‍ മാന്യന്മാര്‍ക്കും പ്രോജെക്റ്റ്‌ ഒക്കെ കിട്ടി കോയമ്പത്തൂര്‍ പോയി ".. ഇടയ്ക്ക് ഇടയ്ക്ക് കോളേജുകാര്‍ നമ്മള്‍ എവിടെ വരെ പ്രൊജക്റ്റ്‌ ആയി എന്ന് അറിയാന്‍ ഒന്ന് വിളിക്കും ,ആ സമയത്ത് കോളേജില്‍ ഇല്ലാത്ത സകല എണ്ണവും കെട്ടി പെറുക്കി ഇങ്ങു പോരും , സീറോതും ഒന്നാമത്തെയും റിവ്യൂ വലിയ ശല്യം ഇല്ലാതെ പോയി .രണ്ടാമത്തെ റിവ്യൂ സമയം , കോയമ്പത്തൂര്‍ നിന്നും കെ . കെ എക്സ് പ്രസ്സില്‍ ഒരു പണ്ടാരം കായംകുളത്ത് വന്നിറങ്ങി , എന്‍റെ നല്ല സമയത്തിന് ഞാന്‍ ഹോസ്റ്റലില്‍ ഉണ്ടായതു കൊണ്ട് വിളിക്കാന്‍ ഞാന്‍ തന്നെ ആണ് പോയത്. തലേന്നേ നമ്മുടെ റിവ്യൂ കഴിഞ്ഞതിനാല്‍ നമ്മള്‍ ഫ്രീ ആയിരുന്നു . അങ്ങനെ എ സാധനത്തെ പൊക്കി കൊണ്ട് വന്നു കോളേജില്‍ വിട്ടു.

                                                                                    റിവ്യൂ എല്ലാം കഴിഞ്ഞു വൈകുന്നേരം ആയപ്പോ നമ്മുടെ കോയമ്പത്തൂര്‍വാലാ യ്ക്ക് അഴീക്കല്‍ കടപ്പുറത്ത് പോകണം , ഇച്ചിരി ഒന്ന് മിനുങ്ങണം എന്നൊക്കെ ഉള്ള ആശകള്‍ ആയി . അന്ന് വരെ ജോലി കിട്ടിയ സകല എണ്ണത്തിന്റെയും ചെലവ് എന്ന പേരില്‍ എല്ലാ എണ്ണവും അഞ്ചു മണി ആയപ്പോഴേക്കും അഴീക്കല്‍ എത്തി. ഞങ്ങളെ കൂടാതെ എംഎസ്‌സി യില്‍ നിന്നും സന്ദീപും (കട്ട ) വിഷ്ണുവും  ഉണ്ട്.  കോയമ്പത്തൂര്‍വാലാ എന്ന് പറയുന്ന ആള്‍ക്ക് ക്ലാസ്സില്‍ ഉള്ള ഇമേജ് ഓര്‍ത്തു കൊള്ളണം , പുള്ളിയെ ഭര്‍ത്താവായി കിട്ടാന്‍ ക്ലാസ്സിലെ മുഴുവന്‍ ഗേള്‍സും വെളിയാഴ്ച നോയമ്പ് നോക്കും , ബോയ്സ് ചേട്ടനായി കിട്ടാന്‍ ശനിയാഴ്ച വ്രതം , അമ്മമാര്‍ മകനായി കിട്ടാന്‍ ഒരാഴ്ച വ്രതം , എന്ന് വേണ്ട സകല മന്ത്രങ്ങളും ചെയ്യും , അങ്ങനെ സകല ഗുണ സമ്പന്നന്‍ ആണ് നമ്മോടു വന്നു കൂടണം(ഈ കൂടണം എന്ന് പറഞ്ഞാല്‍ , കുപ്പിയുടെ കഴുത്ത് പൊട്ടിക്കുന്ന പരിപാടി അണ്‌ട്ടോ) എന്ന് പറയുന്നത് , ചാടാന്‍ നിന്നവന് ഒരു ഉന്തലും കിട്ടിയപോലെ ആയി നമ്മുടെ സ്ഥിതി , ചിലവെങ്ങില്‍ ചെലവ് വണ്ടിയും കുപ്പിയും ആയി എല്ലാവരും കടപ്പുറത്ത് റെഡി.

                                                      കൂട്ടത്തില്‍ പകല്‍ മാന്യന്മാര്‍ ഉള്ളത് കൊണ്ട് സൂര്യന്‍ അസ്തമിക്കുന്നത് വരെ കബഡി കളിയ്ക്കാന്‍ എല്ലാവരും തീരുമാനിച്ചു . കട്ട ഒരു കളസവും ഇട്ടു നമ്മുടെ പുറത്തോട്ടു വന്നു ചാടും , ജിമ്മില്‍ പോയി അവന്‍ ഉണ്ടാക്കിയ സകല മസ്സിലും കടപ്പുറത്ത് ഉള്ളവരെ കാണിക്കുന്ന ഡ്രസ്സ്‌ ആണ് അവന്‍റെ, അതും ഇട്ടാണ് പാവപ്പെട്ട നമ്മുടെ തോളെലോട്ടു വന്നു ആ തടിയന്‍ മറിയുന്നത്, ഇരുട്ടു കഴിഞ്ഞാലുള്ള സുഖം ഓര്‍ത്തു എല്ലാവരും അതൊക്കെ അങ്ങ് സഹിക്കും ( അല്ലേലും കഷ്ടപെടാതെ ജീവിക്കാന്‍ പറ്റില്ലല്ലോ !?).

                                                          സന്ധ്യ മയങ്ങുന്ന ,കുളിരുള്ള രാവില്‍ ആരോ ആ കുപ്പിയുടെ കഴുത്ത് പൊട്ടിച്ചു. എല്ലാവരും വരി വരി ആയി നിന്നു അവരവരുടെ വിഹിതം വാങ്ങി, നമ്മുടെ ടിയാന്‍ അന്ന് നല്ല ഫോം ആരുന്നു .. ഇരുന്ന ഇരുപ്പിന് ആരും കാണാതെ കുറച്ചധികം അങ്ങ് ഒപ്പിച്ചു. അന്ന് ക്ലാസിലെ ഒട്ടു മിക്ക എല്ലാവരും കഴിച്ചു ..(പലരും ഹരി ശ്രീ കുറിച്ചതും അന്നാണ് )... ഇനി ആണ് ചരിത്ര മുഹൂര്‍ത്തം തുടങ്ങുന്നത് .എട്ടുമണിയോടെ വല്ലിക്കാവിലെക്കുള്ള അവസാന ബസ്‌ അഴീക്കലില്‍ നിന്നും ഇറങ്ങും. എന്നാ പിന്നെ അലമ്പ് ഒക്കെ നിര്‍ത്തി പോകാം എന്നും പറഞ്ഞു നോക്കിയപ്പോ ആരെയെക്കൊയെ കാണാനില്ല ," ആരെയ കാണാന്‍ ഇല്ലാത്തതു എന്ന് "അയാള് തന്നെ വന്നു പറയേണ്ട വിധത്തില്‍ ആണ് എല്ലാവരും" !", എന്നാല്‍ പിന്നെ ഉള്ളവര്‍ എല്ലാവരും പോകട്ടെ , ബൈക്ക് ഉള്ളവര്‍ അവിടെ നിന്നു ഇല്ലാത്ത ആളെ തപ്പമെന്നു ഒരു തീരുമാനത്തില്‍ എത്തി അങ്ങനെ , അകെ മൂന്നു ബൈക്കും , ഞാനും , ജ്യോതിയും , സഞ്ജുവും ,വിജീഷും ,വിഷ്ണുവും , പിള്ളേച്ചനും കടപ്പുറത്തും ബാക്കി ഉള്ളവര്‍ ബസിലും പോയി.കഴിച്ചത് പോരാന്നും , ആളെ കണ്ടു പിടിക്കാന്‍ ഒരു കൊച്ചു കുപ്പി കൂടി വേണം എന്നും പറഞ്ഞു വിഷ്ണുവും പിള്ളയും അന്നേരം തന്നെ ഒരു വണ്ടിയില്‍ ഓച്ചിറക്കും പോയി .

                                                                     കടലമ്മയുടെ കടാക്ഷം കൊണ്ട് കാണാതായത് നമ്മുടെ ടിയാന്‍ ആണെന്ന് ആരോ അറിഞ്ഞു , ദൈവമേ കുടുങ്ങി , എന്തെങ്ങിലും പറ്റിയാല്‍ എല്ലാവരും പറയും നല്ല പൊന്നു പോലത്തെ ചെറുക്കനെ നമ്മള്‍ കൊണ്ട് പോയി നശിപ്പിച്ചു എന്ന്. ടിയാന്റെ നമ്പറില്‍ വിളിച്ചപ്പോ പരിധിക്കു പുറത്തു എന്നു " കൊള്ളാം ഇതിനിടയ്ക്ക് അവന്‍ മൊബൈലില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു ടെക്നോളജിയുടെ ഒരു പോക്കെ !!! അഴീക്കല്‍ കടപ്പുറം എന്നു പറഞ്ഞാല്‍ ഒരു ഏഴെട്ടു കിലോമീറ്റെര്‍ നീളത്തില്‍ കിടക്കുന്നതാണ്(ഒരു ദ്വീപ്‌ പോലെ , തിരിച്ചു പോകന്നമെങ്ങിലും ആ ഒരു വഴിയെ ഉള്ളു, അതിന്റെ ഒരു അറ്റത്താണ് ഈ ബീച്ച്  ) , ഒരു സൈഡ് കടലും മറു സൈഡ് കായലും തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് ഒരു റോഡും ഇതാണ് അഴീകലിന്റെ ഒരു പ്രകൃതി ഭംഗി.

                                                                              അടുത്ത്  എവിടെയെങ്കിലും കാണും കാണും എന്ന വിശ്വാസത്തില്‍ എല്ലാവരും പതുക്കെ ടിയാനെ തിരക്കി ഇറങ്ങി , നല്ല ഇരുട്ടു അകെ ഉള്ള വെട്ടം മൊബൈലിന്റെ , അതിന്‍റെ വെട്ടത്തില്‍ ആവുന്ന ഉച്ചത്തില്‍ എല്ലാവരും ടിയാന്റെ പേരും വിളിച്ചു കടപ്പുറത്ത് അലഞ്ഞു. ഉച്ചത്തിലുള്ള വിളി കേട്ട് കടപ്പുറത്തുള്ള സകല ചേട്ടന്മാരും സഹായിക്കാന്‍ എത്തി , ഞങ്ങള്‍ കാര്യം പറഞ്ഞു , എത്രെയേ ഉള്ളോ . എല്ലാവരും ഓരോ മൊബൈല്‍ എടുത്തു , ഞങ്ങള്‍ വിചാരിച്ചു വലിയ വെട്ടം ഉണ്ടാക്കാന്‍ എല്ലാവരും കൂടെ മൊബൈല്‍ എടുക്കുക ആണെന് , കൂട്ടത്തില്‍ ഉള്ള ഒരുത്തന്‍റെ സംസാരം കേട്ട് ജ്യോതി അവിടെ തന്നെ തല കറങ്ങി വീണു.കൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു ഞാന്‍ പോലീസിനെ വിളിക്കാം , നിങ്ങള്‍ ആംബുലന്‍സ് വിളി , ഒരാള് ഫയര്‍ ഫോര്സിലും ഒരാള്‍ ഇന്ത്യന്‍ നേവിയും വിളിക്കാന്‍ , ഐ എസ്‌ ഡി ഓഫര്‍ ഇല്ലാത്തതു കൊണ്ടാ അല്ലെങ്ങില്‍ ഒബാമേ വരെ അവര്‍ വിളിച്ചേനെ.....................

                                                 ഒരു പത്തു മിനിറ്റ് കൊണ്ട് കടപ്പുറം മുഴുവന്‍ ജനം ആയി , ആരോക്കെയെ പോയി വലയും പന്ഗ്ഗായവും കൊണ്ട് വന്നു , വല വീശിയാല്‍ ചിലപ്പോ വലയില്‍ കുരുങ്ങിക്കോളും എന്ന് അങ്ങനെ ആണെങ്ങില്‍ ഇന്ത്യന്‍ നേവിയുടെ രണ്ടു ദിവസം കളയേണ്ട പോലും!! ...വന്ന ചേട്ടന്മാര്‍ ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം മാക്സിമം മുതലാക്കി , പെട്ടെന്ന് തന്നെ ഞങ്ങളുടെ മൊബൈല്‍ പിടിച്ചു വാങ്ങി, നല്ല ഒന്നാംതരം ഇടിയും തന്നു തുടങ്ങി , മുന്നില്‍ നിന്ന സഞ്ജുനും ജ്യോതിക്കും നെഞ്ച് വിരിവ് ഉള്ളത് കൊണ്ട് ഒരെണ്ണവും വേസ്റ്റ് ആയില്ല ... സഞ്ജുമായിട്ടു പിണക്കം മാറ്റിയത് കാര്യമായി അല്ലെങ്ങില്‍ എന്‍റെ നെഞ്ച് വിരിവും അവര്‍ ചെക്ക്‌ ചെയ്തേനെ.

                                                    ഇതിനിടയ്ക്ക് ടിയാനെ തിരക്കി ഒരു അര കിലോമീറ്റര്‍ വണ്ടി വെച്ചിരിക്കുന്നിടത്തും നിന്ന് ഞങ്ങള്‍ എത്തി , കൂടെ കടപ്പുറത്ത് അപ്പൊ ബോധം ഉള്ള പത്തു നൂറുപേരും , ഇതിനിടയ്ക്ക് കരഞ്ഞും കാല് പിടിച്ചും ഇടിയുടെ ശക്തി കുറച്ചു .ഇതിനിടയ്ക്ക് ആര്‍ക്കോ ഒരു മെസ്സേജ് ടിയാന്റെ കയ്യില്‍ നിന്നും കിട്ടി " എന്നെ ആരും തിരക്കേണ്ട ഞാന്‍ വന്നു കൊള്ളാം " എല്ലാവരും ഇതു കേട്ടതോടെ വള്ളവും വലയും കരയ്ക്കടിപ്പിച്ചു , എവിടെ ആയാലും ജീവിച്ചിരിപ്പുണ്ട് . തിരിച്ചു വിളിച്ചിട്ട് വീണ്ടും പഴയ പോലെ തന്നെ ആളു പരിധിക്കു പുറത്തു ( ഇടയ്ക്ക് ബോധം വീണപ്പോ എങ്ങാണ്ട് മെസ്സേജ് അയച്ചതാ അല്ലെങ്ങില്‍ പിന്നെ അപ്പൊ വിളിച്ചാല്‍ കിട്ടെണ്ടാതല്ലേ! ).

                                                             ഒരു അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോഴേക്കും ആളെ കണ്ടെത്തി , വായിലും മൂക്കിലും ഒക്കെ മണലും കേറി ഒരു തനി " രാജവേബാല " കിടന്നു ഉറങ്ങുന്നു . ആദ്യം തട്ടി ഉണര്‍ത്താന്‍ നോക്കിയ ആളുടെ നേരെ ഒരു ചീറ്റക്കം " പുള്ളിക്കാരന്‍ നല്ല പമ്പ് പിടിത്തകാരന്‍ ആയിരുന്നു എന്ന് തോന്നുന്നു , ഇടതു തിരിഞ്ഞു വലതു മാറി ടിയാന്റെ പ്രോസസ്സരില്‍ ഒരു ചവിട്ടു .ഹാങ്ങ് ആയി നിന്ന സിസ്റ്റം , സൂപ്പര്‍ കമ്പ്യൂട്ടര്‍ പോലെ ആയി കാര്യങ്ങള്‍ പിന്നെ... എന്തായാലും ആളെ കിട്ടിയതോടെ ഞങ്ങള്‍ക്ക് കിട്ടേണ്ട ഇടി തീര്‍ന്നു കാണും എന്ന് വിചാരിച്ചു , എവിടെ ? നിന്ന നില്‍പ്പിനു അടുത്ത അടി വിജീഷിനു ( മേലാല്‍ വെള്ളം അടിക്കാന്‍ വരുമ്പോ കടപ്പുറത്ത് കിടന്നു മണല് തിന്നുന്നവനെ കൊണ്ട് വരരുത് പോലും ) പതുക്കെ മുഖം തടവി വിജീഷ് അത് സമ്മതിച്ചു . ടിയാണ് കിട്ടേണ്ട മൂന്നു നാലു ചവിട്ടും കൂടെ നമ്മള്‍ സബ്സ്ടിട്ടുട്ടു ആളെ ഇറക്കി വാങ്ങി. എങ്ങനെയും ടിയനെയും പൊക്കി കൊണ്ട് തിരിച്ചു ബൈക്ക് ഇരിക്കുന്നിടത്തേക്ക്‌ ഓടി, ഇതിനിടയ്ക്ക് ആരോ ഒരു നല്ല മനുഷ്യന്‍ മൊബൈല്‍ എല്ലാം തിരിച്ചു വാങ്ങിച്ചു തന്നു( ഇതിനിടയ്ക്ക് ഒരുത്തന്‍ മൊബൈല്‍ കിട്ടി എന്നും പറഞ്ഞു വീട്ടില്‍ കൊണ്ട് പോയി ചാര്‍ജ് ചെയ്യാന്‍ വെച്ചു, പിന്നെ അവന്‍ വീട്ടില്‍ നിന്നും മൊബൈല്‍ കൊണ്ട് വരുന്നത് വരെ അവിടെ നിന്ന് ചീത്ത കേട്ടു. )
                                                               മൂക്കില്‍ നിന്നും വായില്‍ നിന്നും ഓരോ കൊട്ട മണല്‍ ഒക്കെ തട്ടി കളഞ്ഞു , ആളെ ചെറുതായിട്ട് ഒന്ന് നീറ്റാക്കി, ഞങ്ങള്‍ ബൈക്ക് എടുത്തു ഇറങ്ങി , ഇനി തിരിച്ചു ബൈക്കില്‍ കൂടി പോകേണ്ടത് ഇവന്മാരുടെ മുന്‍പില്‍ കൂടി തന്നെ വേണം , ബൈക്കില്‍ നൂറെ നൂറ്റിപത്തെ എന്നും പറഞ്ഞു വിടാം എന്ന് കരുതി ബൈക്ക് എടുതെപ്പോഴേക്കും എല്ലാവരും റോഡിന്‍റെ രണ്ടു സൈഡിലും എത്തി , പിന്നെ പതുക്കെ ഇങ്ങനെ നീങ്ങി , കുറച്ചു കഴിഞ്ഞപ്പോ വീണ്ടും എല്ലാവരും കൂടെ തടഞ്ഞു നിര്‍ത്തി ,( നേരത്തെ ഞാന്‍ പറഞ്ഞല്ലോ സ്ഥലത്തിന്റെ കിടപ്പ് അങ്ങനെയാ) . എല്ലാവരും ഇറങ്ങാന്‍ പറഞ്ഞിട്ട് ബൈകിന്റെ കീ അങ്ങ് അവര്‍ ഊരി മാറ്റി , എന്നിട്ട് ഞങ്ങളെ എല്ലാവരെയും കരയോഗം പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ട് പോയി , എല്ലാവര്ക്കും ഇരിക്കാന്‍ ഓരോ കസേരയും , എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം നമ്മുടെ ടിയാന്‍ ( അറിയാത്തവര്‍ക്ക് അറിയാവുന്നവര്‍ കാണിച്ചു കൊടുക്കുന്നു , കല്യാണ തലേന്ന് പെണ്ണിന്റെ വീട്ടില്‍ ചെല്ലുമ്പോ ചെറുക്കനെ ബാക്കി ഉള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത് പോലെ ) തന്നെ . ടിയാന്‍ ആണെങ്ങില്‍ നവവരന്റെ നാണം കലര്‍ന്ന മുഖത്തോടെ എല്ലാവരെയും നോക്കി ചിരിക്കുന്നു.

                                                                ആദ്യത്തെ പത്തു മിനിറ്റ് പ്രസിഡന്റിന്റെ വക ഒരു ചെറിയ ഉപദേശവും കാര്യങ്ങളും , അതിനിടയ്ക്ക് ആരോ ചായ ഉണ്ടാക്കി കൊണ്ട് വന്നു. ചായ കുടിച്ചാല്‍ വാള് വെക്കും എന്ന് അറിയാമായിരുന്നിട്ടും ഞങ്ങള്‍ ചായ കുടിച്ചു ( ഇനി അതിനും കൂടി ഇടി വാങ്ങാന്‍ വയ്യാ). അവസാനം പുള്ളിക്കാരന്‍ അടുത്ത ചാകരയ്ക്ക് വീണ്ടും വരണം എന്ന് പറഞ്ഞാ ഞങ്ങളെ യാത്ര ആക്കിയത് , എങ്ങനെയോ ഒക്കെ അവസാനം ടിയാനെ ഹോസ്റ്റലില്‍ കൊണ്ട് പോയി കിടത്തി , അടുത്ത ദിവസം ആദ്യത്തെ ട്രെയിനിനു തന്നെ ടിക്കറ്റ്‌ എടുത്തു വീണ്ടും  കോയംബതൂരിലേക്ക് യാത്ര ആക്കി.........................ആ സംഭവത്തിനു ശേഷം കടപ്പുറം കാണുന്നതെ ഞങ്ങള്‍ക്ക് അലര്‍ജിയാ !!

Wednesday, 29 December 2010

എനിക്ക് ബസ്സില്‍ നില്ക്കുന്നതാ ഇഷ്ടം !!!

ഒരു വെള്ളിയാഴ്ച കോളേജില്‍ നിന്നും വീട്ടിലേക്കു പോകാന്‍ ഞാന്‍ വള്ളിക്കാവില്‍ നില്‍ക്കുന്നു , അമ്പിളി തന്നെ ആണ് അന്നും ശരണം .ശനിയും ഞായറും അവധി ആയതിനാല്‍ ഒട്ടു മിക്ക കുട്ടികളും വീട്ടില്‍ പോകാന്‍ റെഡി ആയി വള്ളിക്കാവില്‍ തന്നെ ഉണ്ട്. ഈ വെള്ളിയാഴ്ച ദിവസത്തില്‍ ബസില്‍ കേറി പോകുന്നത് ഭയങ്കര ബോര്‍ പരിപാടിയാണ്. ഹോസ്റ്റലില്‍ നില്‍ക്കുന്ന സകലരും വീട്ടുകാരെ കൊണ്ട് കഴുകിക്കാന്‍ പറ്റുന്ന അത്രെയും തുണിയും ,ഒരു സഞ്ചിയില്‍ വാരിക്കെട്ടി ആയിരിക്കും വള്ളിക്കാവില്‍ സമ്മേളിക്കുന്നത് . കാശും പെണ്ണും ഉള്ളവന്‍ കാശ് കൊടുത്തു ഓട്ടോ പിടിച്ചു പോകും അതൊന്നും ഇല്ലാത്ത പഹയന്മാര് ബസ്സില്‍ തന്നെ പോകൂ.

വെള്ളിയാഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസവും സീറ്റില്‍ കിടന്നു ഉറങ്ങി പോകുന്ന എനിക്ക് ഇതു തീരെ ഇഷ്ടം ഉള്ള പരിപാടിയല്ല, എന്നാലും കുറെ ചോര ബസിലും കുടിക്കാലോ എന്ന് വിചാരിച്ചു സമാധാനപെടും. തിക്കിയും തിരക്കിയും എങ്ങനെയോ ബസിനുള്ളില്‍ എത്തി ചേര്‍ന്നു. ഇനി മെയിന്‍ പരിപാടി എന്ന് പറഞ്ഞാല്‍ നിരീക്ഷണം ആണ് ( ആദ്യം പെണ്ണല്ല കേട്ടോ ! ! ഒരു ഇരിപ്പിടം ആണ് മുഖ്യം ) . സീറ്റില്‍ ഇരിക്കുന്ന ആരെങ്കിലും "കുണ്ടി"( ഇതിനെക്കാളും നല്ല ഒരു വാക്ക് ആ ഭാഗത്തിന് എനിക്ക് കിട്ടിയില്ല, ഇനി അറിയാവുന്നത് ഒന്നും അത്ര നല്ലതും അല്ല ) ഒന്ന് പൊക്കിയാല്‍ അങ്ങോട്ട്‌ നീങ്ങി നില്‍ക്കും , എഴുന്നേറ്റാല്‍ അന്നേരം തന്നെ അവരുടെതിനു പകരം "നമ്മുടേത്‌" വെച്ച് എക്സ്ചേഞ്ച് ചെയ്യാം എന്നതിനാലാണ് അല്ലാതെ വൃത്തിക്കെട്ട ഭാഗത്ത്‌ നോക്കുന്ന ഏര്‍പ്പടോന്നും എനിക്കില്ല കേട്ടോ ?

ബസ്സില്‍ കേറി പത്തു മിനിട്ടിനകം എന്‍റെ നീരിക്ഷനതിനു റിസള്‍ട്ട് ഉണ്ടായി (അപ്പൊ ഒരു കാര്യം ഉറപ്പായി ഈ കാര്യത്തില്‍ എങ്കിലും ഞാന്‍ ഗ്രേഡ് കൂടുതല്‍ വാങ്ങിക്കും, അമൃതയില്‍ പഠിക്കുമ്പോള്‍ എന്‍റെ സ്വപ്നം ആയിരുന്നു നല്ല ഗ്രേഡ് വാങ്ങിക്കുക എന്നത് , അത് അമൃതയില്‍ അല്ലെങ്കിലും അമൃതയില്‍ വരുന്ന വഴിക്കെങ്ങിലും കിട്ടുമാലോ എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു ). സീറ്റില്‍ ഇരുന്ന ആളുടെയും എന്‍റെയും വെച്ച് എക്സ്ചേഞ്ച് ചെയ്തു പത്തു മിനിറ്റ് ആയിക്കന്നില്ല , സുന്ദരിയ ആയ ഒരു ചേച്ചി ഒരു കൊച്ചിനെയും പൊക്കി കൊണ്ട് ബസ്സിനകത്ത് കേറി. തള്ളയെയും കൊച്ചിനെയും കണ്ടാല്‍ സാധാരണ ചെയ്യുന്നത് പോലെ കുനിഞ്ഞിരുന്നു .

ചേച്ചി എന്നില്‍ ആകൃഷ്ട ആയതു കൊണ്ടാണോ അതോ വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് കൊണ്ടാണോ എന്നറിയില്ല, ചേച്ചി കറക്റ്റ് ആയിട്ടു എന്‍റെ സീറ്റിന്റെ അടുത്ത് തന്നെ വന്നു നിന്നു. ചേച്ചി ബസ്സില്‍ കയറിയപ്പോഴേ കുനിഞ്ഞിരുന്ന ഞാന്‍, ചേച്ചിക്ക് സീറ്റ്‌ വല്ലതും കിട്ടിയോ എന്നറിയാന്‍ ഒരു " സാ " മട്ടില്‍ എന്‍റെ തല ചരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ചേച്ചിയെയും ചേച്ചിയുടെ തോളേല്‍ കിടക്കുന്ന സത്താനെയും(എനിക്കവന്‍ സാത്താന്‍ തന്നെ ആണ് കാര്യം പിന്നെ പറയാം ) തന്നെ ആയതിനാല്‍ ഞാന്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങി . ചേച്ചിക്ക് "ഇരിക്കുന്നിടത്ത്" വല്ല അസുഖവും ഉണ്ടോ അതോ വല്ല ചെറുക്കനേയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആണോ ആവോ എത്ര നിര്‍ബന്ധിച്ചിട്ടും ചേച്ചി ഇരിക്കുന്നില്ല . അവസാനം ചേച്ചിയുടെ തോളേല്‍ കിടക്കുന്ന വേതളത്തെ എന്‍റെ മടിയില്‍ കിടത്താന്‍ ചേച്ചി സമ്മതിച്ചു . അങ്ങനെ കൊച്ചിനെ മടിയില്‍ ഇരുത്തി ഞാന്‍ ചെറുതായിട്ട് ഒന്ന് കണ്ണടച്ചു.

എഴുന്നേറ്റു വീട്ടില്‍ പോയി കിടന്നു ഉറങ്ങെടാ എന്നുള്ള ശകാരം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ദൈവമേ എത്ര പെട്ടെന്ന് കരുനാഗപ്പള്ളിയില്‍ എത്തിയോ എന്നൊരു ആത്മഗതവും ചെയ്തു കൊണ്ട് ഞാന്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ നോക്കി , എന്തോ ഒരു പന്തികേട്‌ പോലെ സാധാരണ പോലെ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല മടിയില്‍ ഒരു കനം, മടിയിലേക്ക്‌ നോക്കിയ ഞാന്‍ " എന്തോ പോയ അണ്ണാനേ പോലെ ആയി ". നമ്മുടെ ആ സാത്താന്‍ ദാ എന്‍റെ ഈ മടിയില്‍ കിടക്കുന്നു . അവസാന സ്റ്റോപ്പ്‌ ആയതിനാല്‍ ബസിനുള്ളില്‍ ഞാനും കണ്ടക്ടറും , ഡ്രൈവറും , പിന്നെ രണ്ടു പെരുമേ ഉള്ളു . അവര്‍ ഇറങ്ങിയപ്പോ ഞാന്‍ പതുക്കെ കണ്ടക്ടരോടായി പറഞ്ഞു " ഓരോ പുലിവാല്‌ പിടിക്കുന്ന വഴിയെ " .. എവിടെ അയാള് കേട്ട ഭാഗം നടിക്കുന്നില്ല .

അത്രെയ്ക്കയോ , ഇപ്പൊ പണികൊടുക്കാം എന്ന് കരുതി ഞാന്‍ ആ കൊച്ചിനെ അയാള്‍ക് നേരെ നീട്ടി . കണ്‍സെഷന്‍ ടിക്കറ്റ്‌ ചോദിച്ച യാത്രക്കാരനെ നോക്കുന്നത് പോലുള്ള ആ നോട്ടം കണ്ടു , ഞാന്‍ തന്നെ കൊച്ചിനെ നീട്ടിയ കൈ മടക്കി. ഒറ്റ ശ്വാസത്തില്‍ ഞാന്‍ നടന്ന കാര്യം പറഞ്ഞു . കാരുണ്യത്തിന്‍റെ ലാഞ്ചന പോലും ഇല്ലാത്ത ആ മുഖത്ത് നിന്നും ഞാന്‍ ഒരുപാടു ഒന്നും പ്രതീക്ഷിച്ചില്ല എങ്കിലും ഒരു ചെറിയ പ്രതീക്ഷ. " എന്നും അങ്ങനെ ആണല്ലോ ഞാന്‍ ഒന്ന് പ്രതീക്ഷിക്കും ദൈവം വേറെ തരും " ഈ പ്രവിശ്യവും തധൈവ്വ . ഗിയറു മാറ്റി ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു, മോന്‍ ഇറങ്ങ് മാമന് അടുത്ത ട്രിപ്പുള്ളത. വാക്ക് തര്‍ക്കം ആയി ആളു കൂടി . കൊച്ചിനെ എന്‍റെ കയ്യില്‍ നിന്നും വാങ്ങാതെ ബസ്സില്‍ നിന്നും ഞാന്‍ ഇറങ്ങില്ല എന്നായി. അടി കിട്ടും എന്നായപ്പോ ഞാന്‍ പതുക്കെ ഇറങ്ങി ( അല്ലേലും വല്ലവരുടെയും കയ്യില്‍ നിന്നു അടിവാങ്ങിക്കണ്ടല്ലോ ചോദിച്ചാല്‍ ഞങ്ങളുടെ നാട്ടുകാര് നല്ല അടി തരും ) . എന്നാലും ആളുകള്‍ കൂടിയതിനാല്‍ ബസ്സ്‌ മുന്നോട്ടു എടുക്കാന്‍ പറ്റാതായി ,ഇതിനിടെ ബഹളം കേട്ട് എന്‍റെ തോളേല്‍ കിടന്ന സാത്താന്‍ എടുത്ത വായില്‍ നിലവിളിക്കാന്‍ തുടങ്ങി .

കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും സമയം ഇല്ലാ, എങ്കിലും അവരെ കൊണ്ട് ആവും പോലെ എന്നെ ദ്രോഹിക്കാന്‍ തുടങ്ങി . കൂടി നിന്ന ഒരുത്തന്‍ പറയുകയാ" കൊച്ചു പിള്ളേരെ തട്ടിക്കൊണ്ടു പോകുന്നത് ഇപ്പൊ ഒരു പതിവാണ് പോലും " എന്‍റെ തലയില്‍ ഒരു വെള്ളിടി മുഴങ്ങി !!. കിട്ടിയ അവസരം ബസ്സുകാരും മുതലാക്കി അവരും അതിനെ പിന്താങ്ങി "പണ്ടെങ്ങോ കണ്‍സെഷന്‍ ചോദിച്ച വൈരാഗ്യം" അല്ലാതെ എന്താ ?

കൂടി നിന്ന ഒരുത്തന്‍റെ പറയുകയാ ഇത്തരക്കാരെ പോലീസില്‍ ഏല്‍പ്പിക്കണം , ഹാവൂ സമാധാനമായി ഇനി ധൈര്യത്തോടെ മരിക്കാം . ഹെല്‍മറ്റു ഇല്ലാത്ത ഒരുത്തന്‍റെ, ബൈക്കിന്‍റെ പുറകില്‍ കേറിയതിനു ഒരുത്തനെ കുനിച്ചു നിര്‍ത്തി കുര്‍ബാന ചൊല്ലിച്ചതിന്റെ കേസ് തീര്‍ന്നിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ !!!!. എന്തായാലും എനിക്കും കുര്‍ബാന ഉറപ്പായി , സകല ദൈവങ്ങളെയും ഞാന്‍ ആദ്യമായിട്ട് മനസ്സുരുകി വിളിച്ചു. ദൈവം കേട്ടോ എന്തോ പെട്ടെന്ന് തന്നെ എല്ലാവരും എന്നെ സ്റ്റേഷനില്‍ എത്തിച്ചു . റെയില്‍വേ സ്റ്റേഷന്‍ അല്ലാതെ വേറൊരു സ്റ്റേഷനും കണ്ടിട്ടില്ലാത്ത ഞാന്‍ അങ്ങനെ എന്‍റെ വലതുകാല്‍ കരുനാഗപ്പള്ളി സ്റ്റെഷനിലോട്ടു വെച്ചു , എന്‍റെ തോന്നല്‍ ആണോ എന്തോ ഒരു മരണ മണി എവിടെയോ മുഴങ്ങി ണിം ണിം ..

ആള്‍ക്കാരുടെ കൂട്ടത്തില്‍ വന്ന ഏതോ ഒരു തെണ്ടി പൊടിപ്പും തേങ്ങലും വെച്ചു കാര്യം പോലീസുകാരന്റെ എടുത്തു അവതരിപ്പിച്ചു . വിക്ക്സ് ആക്ഷന്‍ 500 ന്‍റെ പരസ്യത്തില്‍ പറയും പോലെ ആക്ഷന്‍ ഉടനെ ഉണ്ടായി .കണ്ണില്‍ നിന്നും പറന്ന മൂന്നു ,നാലു തേനിച്ചകളെ ഞാന്‍ എണ്ണി.ഒരാഴ്ച പട്ടിണിക്ക് കിടന്ന പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ട മാതിരി ആയി എന്‍റെ അവസ്ഥ. ഇടി കൊള്ളാന്‍ ഒരു ഭാഗവും ബാക്കി ഇല്ലാ എന്നായി .

എന്‍റെ ഭാഗ്യത്തിന് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകനും സര്‍വ്വോപരി വക്കീലും ആയ ചെരുവേലില്‍ കണ്ണന്‍ സാര്‍ ആ സമയം സ്റ്റേഷനില്‍ എത്തിയത് . ഞാന്‍ കാര്യം കണ്ണന്‍ സാറിനെ അറിയിച്ചു . സാര്‍ എന്നെ താഴെ നിര്‍ത്തിയിട്ടു മുകളില്‍ " സി .ഐ ഏമാനെ " കാണാന്‍ പോയി . ഇതിനിടെ കുഞ്ഞിനെ കാണാനില്ല എന്നാ പരാതി ഫോണ്‍ വഴി "സി .ഐ" ഏമാനും എത്തി .ഫോണ്‍ വഴി കുഞ്ഞിന്‍റെ വീട്ടുകാര്‍ നടന്ന കാര്യം പറഞ്ഞതിനാല്‍ കൂടുതല്‍ സമയം എവിടെ നില്‍ക്കേണ്ടി വരില്ല എന്ന് കണ്ണന്‍ സാറിന്റെ കൂട്ടുകാരന്‍ ആയ ഒരു പോലീസുകാരന്‍ എന്നോട് വന്നു പറഞ്ഞു . കള്ളന്‍ അല്ല എന്ന് അവര്‍ മനസ്സിലാക്കിയ നിലയ്ക്ക് അവിടെ കണ്ട ഒരു ബഞ്ചില്‍ ഞാന്‍ സമാധാനത്തോടെ ഇരുന്നു.

ഇതിനിടെ പുറത്തെവിടെയോ ഡ്യൂട്ടി കഴിഞ്ഞു വന്ന ആജാനാബാഹു ആയ പോലീസുകാരന്‍ പുറത്തെ ബഹളം കണ്ടു പാറാവുകാരനോട് കാര്യം തിരക്കി , അകത്തു നടന്നതൊന്നും അറിയാത്ത ദുഷ്ടനായ ആ നല്ല മനുഷ്യന്‍ ഞാന്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണെന്നും നാട്ടുകാര്‍ കയ്യോടെ എന്നെ എവിടെ എല്പ്പിചെന്നും പറഞ്ഞു . " അവധി ചോദിച്ച തനിക്കു ട്രാഫിക്‌ ഡ്യൂട്ടി ഇട്ട തന്‍റെ എസ്‌. ഐ ക്ക് എന്നെങ്ങിലും ഇരുട്ടടി കൊടുക്കാന്‍ വെച്ച സകല പവറും എടുത്തു അയാള്‍ എന്‍റെ ചെകിട്ടത്തു അടിച്ചു . ആ ഒറ്റ അടിയോടെ എന്‍റെ ബോധം പോയി....
ബോധം വന്നപ്പോള്‍ അമ്മയും അച്ഛനും എന്‍റെ അടുത്ത് ഇരിക്കുന്നു . ഞാന്‍ എന്‍റെ കയ്യും കാലും ഒക്കെ പൊക്കി നോക്കി ഒരു കുഴപ്പവും ഇല്ല. ഒരു മയക്കത്തിന്റെ ആലസ്യത്തില്‍ ഞാന്‍ അമ്മയോട് ചോദിച്ചു : അമ്മെ എന്താ എനിക്ക് പറ്റിയെ....... അമ്മ അമ്മയുടെ സ്ഥിരം പല്ലവി തന്നെ ഉരുവിട്ടു....... കിടക്കാന്‍ നേരത്ത് പ്രാര്‍ത്ഥിച്ചു കിടക്കാന്‍ പറഞ്ഞാല്‍ കിടക്കില്ല ! എന്നിട്ട് രാത്രിയില്കിടന്നു അയ്യോ കൊല്ലല്ലേ തല്ലല്ലേ എന്ന് വിളിച്ചു കൂവും, നാളെ മുതല്‍ ഞങ്ങള്‍ ഓടി വരില്ലാട്ടോ .............

Monday, 27 December 2010

സ്വപ്ന സുന്ദരി

വള്ളിക്കാവ് അമൃതയില്‍ 2007-2010 എംസിഎ യ്ക്ക് പഠിക്കുന്ന സമയം . വള്ളിക്കാവില്‍ വന്നു ഞാന്‍ ആദ്യം പരിചയപ്പെടുന്നതു അമ്പിളിയെ ആണ്. അമ്പിളിയെ കുറിച്ച് പറയുക ആണ് എങ്കില്‍ മോഹന്‍ലാലിന്‍റെ ചിത്രത്തിലെ ഡയലോഗ് ഓര്‍മ വരും ,മോഹന്‍ലാല്‍ പറഞ്ഞതുപോലെ അവള്‍ സുന്ദരിയാണ് സുശീലയാണ് സുമുഖിയാണ്. നീണ്ടു കൊലുന്നനെയും അല്‍പ്പം വണ്ണവും ഉള്ള ബോഡി ആണ് അവള്‍ക്ക്.

എനിക്ക് മാത്രമല്ല വള്ളിക്കാവിനു പരിസരത്ത് ഉള്ളവര്‍ക് കൂടി അവള്‍ ഒരു സ്വപ്ന കാമുകി ആണ്. അവളെ ഒരു നോക്ക് കാണാന്‍ ഒന്ന് ആദ്യം തൊടാന്‍ വള്ളിക്കാവിലോട്ടു കോളേജ് കുമാരന്മാരുടെ തിക്കും തിരക്കുമാണ്.സാധാരണ വൈകുന്നേരം 4 മുതല്‍ 5 വരെ എപ്പോ വേണമെങ്കിലും അവള്‍ വള്ളിക്കാവില്‍ വരാം ആബാലവൃദ്ധം ജനങ്ങളും അവളെ കത്ത് ഇരിക്കുകയാണ് . ഇനി ഐശ്വര്യ റായി വന്നു അപ്പൊ അവിടെ നിന്നാലും എല്ലാവരുടെയും കണ്ണ് അമ്പിളിയില്‍ തന്നെ ആയിരിക്കും അതാണ് അമ്പിളി.അമ്പിളി റൂട്ടില്‍ ഇറങ്ങിയിട്ട് കാലം കുറെ ആയി , അമ്പിളിയുമായി എല്ലാവരും നല്ല ഇടപാടാണ് ,കാശ് കറക്റ്റ് ആയിരിക്കണം അത്രേ ഉള്ളു. ചില സീസണ്‍ സമയത്ത് മാത്രം അല്‍പ്പം കൂടുതല്‍ ചോദിക്കും എന്നാലും ഒന്ന് പിടിച്ചാല്‍ പഴയ റേറ്റിനു തന്നെ അവള്‍ സമ്മതിക്കും.ഓച്ചിറ പന്ത്രണ്ടു വിളക്കോ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവമോ വന്നാല്‍ അവള്‍ക്ക് കോളാണ്. അങ്ങനെ അവള്‍ വള്ളികാവിനെ സേവിച്ചു മുന്നോട്ടു പോകുന്നു.

ഇന്ന് അവള്‍ക്ക് കൂട്ടായി ,തണലായി , പിണങ്ങാനായി ഒരാളും കൂടെ ഉണ്ട് ഷിജിന്‍. അവന്‍ കൂടെ വന്നതോടെ വള്ളിക്കാവ് റൂട്ടില്‍ ബസുകളുടെ എണ്ണം രണ്ടായി.....................................

Wednesday, 22 December 2010

ജന്മദിനം

എന്‍റെ ജന്മദിനം ആണ് ഡിസംബര്‍ 26 എനിക്ക് എല്ലാവരും ആശംസകള്‍ നേരത്തെ അയച്ചോളൂ
ഞാന്‍ 25 ,26 നു നാട്ടില്‍ പോകാന്‍ ചാന്‍സ് ഉള്ളതിനാല്‍ അന്ന് എനിക്ക് മെയില്‍ ചെക്ക്‌ ചെയ്യാന്‍ പറ്റില്ല . എല്ലാവരും എനിക്ക് നേരത്തെ ആശംസകള്‍ അയക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം സുനാമി (ഞാന്‍ അങ്ങനെ ആണ് കിട്ടിയില്ലെങ്ങില്‍ ചോദിച്ചു വാങ്ങിക്കും അതുകൊണ്ട് ഒന്നും തോന്നല്ലേ !!!)

പേരിന്റെ ഔചിത്യം

ബ്ലോഗിന്‍റെ പേര് ഇഷ്ടപെട്ടില്ലാ എങ്കില്‍ നിങ്ങളുടെ കുറ്റം അല്ല.
ഗുലാന്‍നഗര്‍ ഇഷ്ടപ്പെടണം എങ്കില്‍ ആദ്യം ശാസ്താംകോട്ടയില്‍ പഠിക്കണം
എന്നിട്ടും അറിയില്ലെങ്ങില്‍ അവിടുത്തെ ഗുലാന്‍ നഗറില്‍ പോകണം
എന്നെ സംബന്ധിച്ചോളം അത് ഒരു സ്വര്‍ഗം ആയിരുന്നു. ഇപ്പോഴും പോയി അവിടെ വല്ലപ്പോഴും ഇരിക്കാന്‍ എനിക്ക് ഇഷ്ടം ആണ് പക്ഷെ എന്‍റെ ഡിബിസിയിലെ സുഹൃത്തുക്കള്‍ വേണം എങ്ങിലെ അതു ഗുലാന്‍ നഗര്‍ ആകു, സ്വര്‍ഗം ആകു. എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും(ഇതു ഡിബിസി സുഹൃത്തുക്കള്‍ മാത്രം അല്ലാട്ടോ ) വേണ്ടി ഞാന്‍ ഇ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.