Saturday, 23 April 2011

കാട്ട തിന്നാന്‍ ആശ

                                                       പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു അടുത്ത മേച്ചില്‍ പുറം തേടി നടക്കുന്ന സമയത്താണ് കരുനാഗപ്പള്ളി  സ്കൂളില്‍ നിന്നും പ്ലസ്‌ടുന് ഉള്ള കാള്‍ ലെറ്റര്‍ വരുന്നത് . വിദ്യ മാത്രം അഭ്യാസം ആയുള്ള ഞാന്‍ കരുനാഗപ്പള്ളിയില്‍ ചെന്നിട്ടാണ് വിദ്യാഭ്യാസത്തില്‍ ബാക്കി ഉള്ള വിദ്യകള്‍ കാണുന്നത്. ഒരു ബോയ്സ് സ്കൂളില്‍ പഠിച്ചതിന്റെ എല്ലാ പോരായ്മകളും ആദ്യ വര്ഷം ഉണ്ടായിരുന്നു (ഞാന്‍ ഉദ്ദേശിച്ചത് പെണ്‍കുട്ടികളുമായി സംസാരിക്കാനുള്ള ആ ഒരു ഒരു  ! !!  എന്താ പറയുക ആ സാധനം എനിക്ക് ഇച്ചിരി കുറവായിരുന്നു ). ഇല്ലായ്മയില്‍ നിന്നും വന്നവര്‍ ആണല്ലോ പിന്നീടു പല കാര്യങ്ങളിലും നേട്ടം ഉണ്ടാക്കുന്നത് അങ്ങനെ ഞാനും അതില്‍ ഒരു പി. എച്ച്. ഡി ഒക്കെ എടുത്തു .
                                                      പഠിക്കുന്നത് പ്ലസ്‌ടുന്  ആയതിനാല്‍ തികച്ചും സ്വാഭാവികമായി ട്യുഷന്‍ വേണമെന്ന് ചില ട്യുടോരി അധ്യാപകര്‍ വന്നു വീട്ടുകാരെ പറഞ്ഞു പറ്റിച്ചതിന്റെ ഫലമായി എനിക്കും കരുനാഗപ്പളിയിലെ ഒരു സ്ഥാപനത്തില്‍ ചെരണ്ടാതായി വന്നു. പി. എച്ച്. ഡി  എടുത്ത സബ്ജെക്റ്റ്  കൂടുതല്‍ ഉള്ള സ്ഥാപനമായതിനാല്‍ ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ആദ്യ വര്ഷം അങ്ങ് തീര്‍ന്നു. ഞങ്ങള്‍ രണ്ടു മൂന്നു സുഹൃത്തുക്കളും അവിടുത്തെ പ്രിന്‍സിപ്പലും തമ്മില്‍ മുന്നാള്‍ ആയതു കൊണ്ടാകണം രണ്ടാം വര്‍ഷം ആദ്യം തന്നെ ഞങ്ങളും പ്രിന്‍സിപ്പലും തമ്മില്‍  चगडा  चगडा ആയി. 
                                                              അങ്ങനെ ആണ് ഞാന്‍ പെന്റിയം എന്ന സ്ഥാപനത്തില്‍ എത്തി ചേരുന്നത്. വീട്ടില്‍ നിന്നും ചോറും കറിയും കൊണ്ട് പോയി കഴിച്ചു കൊണ്ടിരുന്ന ഞാന്‍ അന്നാണ് അങ്ങനെ വീട്ടില്‍ നിന്നും ചോറ് ഒക്കെ കൊണ്ട് പോയി ട്യുടോരിയില്‍  കഴിക്കുന്നത്‌ മോശമാണെന്ന് അറിഞ്ഞത്. ഞാന്‍ നേരത്തെ പറഞ്ഞല്ലോ "ഇല്ലായ്മയില്‍ നിന്നും വരുന്നവര്‍ ആണ് പല കാര്യങ്ങളിലും നേട്ടം ഉണ്ടാക്കുന്നത് എന്ന് " അത് ഇവിടെയും സംഭവിച്ചു .  അവിടെ ചേര്‍ന്ന ആദ്യ ഞായറാഴ്ചയില്‍ ഒരു പന്ത്രണ്ടു മണി ആയപ്പോ ബാക്കില്‍ എന്‍റെ കൂടെ   ഇരിക്കുന്ന  എല്ലാവരും പതുക്കെ അങ്ങ് എഴുന്നേറ്റു, എന്നിട്ട് പറയുകയാ സര്‍ സമയം പന്ത്രണ്ടായി  ഞങ്ങള്‍ക്ക് പോകണം എന്ന്.( ഗുരുഭക്തി   എന്ന സാധനം പ്ലസ്‌നു  ചേര്‍ന്ന ശേഷം ഞാന്‍ കണ്ടിട്ടില്ല , എങ്കിലും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അധ്യാപകന്റെ എടുത്തു ക്ലാസ്സ്‌ നിര്‍ത്തണം എന്നൊക്കെ പറയാന്‍ മാത്രം ധൈര്യമോ  എന്ന് ചിന്തിച്ചപ്പോഴാണ് സര്‍ ന്‍റെ മറുപടി ഞാന്‍ കേട്ടത് ). പോകുന്നത് കൊള്ളാം ഞാന്‍ അനുഗ്രഹ ആഡിറ്റൊരിയത്തില്‍ ആണ് പോകുന്നത് അങ്ങോട്ടെങ്ങും വന്നേക്കരുത് , അഥവാ വന്നാല്‍ അവിടെ കിടന്നു സര്‍ എന്നൊന്നും വിളിക്കരുത് , ഇവിടെ വെച്ച് ഒരുത്തനും ബഹുമാനം ഇല്ല ആരുടെ എങ്കിലും മുന്നില്‍  വെച്ച് നാറ്റിക്കാന്‍ ആണെങ്ങില്‍ വലിയ ഉത്സാഹവും ആണ് .
                                                    അപ്പോഴാണ് സംഗതിയുടെ കിടപ്പ് വശം മനസ്സിലാക്കുന്നത്‌ , സിറ്റിയുടെ ഒത്ത നടുക്കയുള്ള ഇവിടെ നാലു ഭാഗത്ത്‌ നിന്നും കുട്ടികള്‍ വരുന്നുണ്ട്, ഓരോ ഭാഗത്ത്‌ നിന്നും വരുന്നവര്‍ വരുന്ന വഴിക്ക് ഇവിടെ ഒക്കെ കല്യാണം ഉണ്ടെന്നു നോക്കിയിട്ട് വരും  എന്നിട്ട് ഇവിടെ വെച്ച് തീരുമാനം എടുക്കും ആരൊക്കെ എവിടെ ഒക്കെ  പോകും എന്ന് (ഇങ്ങനെ വിളിക്കാത്ത കല്യാണത്തിന് പോയി തിന്നുന്ന ഏര്‍പ്പാടിനെ ആണ് "കാട്ട " എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്  ) . ഇറച്ചി തിന്നു മതി ആയവനും, ഏതെങ്കിലും വ്രതം ഉള്ളവനും ഹിന്ദുക്കളുടെ കല്യാണത്തിന് പോകും , മതേതരത്വത്തില്‍  വിശ്വസിക്കുന്ന എന്നെ പോലുള്ളവര്‍ മുസ്ലിമിന്റെയോ ക്രിസ്ത്യാനികളുടെ  കല്യാണത്തിനോ പോകും.  കല്യാണം  നടത്തുന്ന വീട്ടുകാര്‍ മതേതരത്വത്തില്‍ വിശ്വസിച്ചു നാടന്‍ സദ്യ ആക്കാത്തിടത്തോളം കാലം ഞങ്ങളുടെയും മതേതരത്വത്തം അങ്ങനെ തന്നെ പോയി . ബിരിയാണി പ്രതീക്ഷിച്ചു ചെന്ന് സാമ്പാര്‍ വിളമ്പുന്നത് കണ്ടു ഇറങ്ങിപോന്ന സംഭവം വരെ ഉണ്ട് , ഇതു കണ്ട് ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ പരസ്പരം പല്ലുരുമും , അവര്‍ അറിയുന്നില്ലല്ലോ ഞങ്ങള്‍ ആരുടെയും കൂട്ടര്‍ അല്ലെന്നു !!!!!
                                                                  കല്യാണത്തിന് ഒരു കുറവും ഇല്ലാത്തതു കൊണ്ട് പത്താം ക്ലാസ്സ്‌ വരെ 45  കിലോ ആയിരുന്ന ഞാന്‍ പ്ലസ്‌ടു  കഴിഞ്ഞപ്പോഴേക്കും 62 കിലോ വരെ ആയി.  കാലവും കോലവും മാറിയെങ്കിലും ഇന്നും ഒരു കാട്ട തിന്നുന്നതിന്റെ സുഖം വേറെ എവിടുന്നും കിട്ടിയിട്ടില്ല