Thursday 2 June 2011

ശബരിമല തീര്‍ത്ഥാടന യാത്ര വിവരണം

കാനന  വാസ  കലിയുഗ  വരദ 
കാനന  വാസ  കലിയുഗ  വരദ
കാല്‍  തളിരിന  കൈ  തൊഴുന്നേന്‍  നിന്‍ 
കാല്‍  തളിരിന  കൈ  തൊഴുന്നേന്‍
നിന്‍  കേശാദി  പാദം  തൊഴുന്നേന്‍ 

2010  ലെ  ഒരു സുപ്രഭാതത്തില്‍ , അതും ജനുവരിയിലെ കുളിരുള്ള ഒരു പുലര്‍ച്ചയില്‍ കിടക്ക പായില്‍  നിന്നും എഴുന്നേറ്റപ്പോള്‍ മനസ്സിലെ സകല  കളങ്കവും  നീക്കിയാലോ എന്നൊരാലോചന മനസ്സില്‍ കടന്നു കൂടി , പാപം പോകണമെങ്കില്‍ പമ്പയില്‍ പോകണം  കാര്യം കൊള്ളാം ഭക്തി മാര്‍ഗ്ഗവും കൂടെ ആയതു കൊണ്ട് വീട്ടില്‍ നിന്നും ഫുള്‍ സപ്പോര്‍ട്ടും കിട്ടും എന്ന് കരുതി ആണ് വീട്ടില്‍ സംഗതി അവതരിപ്പിച്ചത്. സംഗതി കൊള്ളാം പക്ഷെ എപ്പോ എങ്ങനെ ആരൊക്കെ  എന്നിങ്ങനെ ഉള്ള , അമ്മയുടെ സകലമാന ചോദ്യ ശരങ്ങള്‍ക്കുള്ളില്‍ കിടന്നു ഞാന്‍ ശ്വാസം മുട്ടി . 
                                                ആരെ ഒക്കെ വിളിക്കും, ശാസ്താംകോട്ട കോളേജിലെ കൂട്ടുകാര്‍ ആണെന്ന് പറഞ്ഞാല്‍ അമ്മ എന്റെ കാല് തല്ലി ഒടിക്കും, അമൃതയിലെ ആണെന്ന് പറഞ്ഞാല്‍ കയ്യും ഒടിക്കും , ഇനി ആകെ ഉള്ളത് നാട്ടിലെ കുറെ സുഹൃത്തുക്കള്‍  ആണ് . അവരെ കൂടി വീട്ടില്‍ കേറ്റാന്‍ പറ്റാത്ത അവസ്ഥ ആക്കണോ എന്ന് പലവെട്ടം മനസ്സില്‍ ചോദിച്ചു !!  വിധി അങ്ങനെ ആണെങ്ങില്‍ അങ്ങനെ വരട്ടെ എന്ന് കരുതി കാര്യം സുഹൃത്തുക്കളുടെ അടുത്ത് അറിയിച്ചു. അങ്ങനെ  ചുരുക്കം പറഞ്ഞാല്‍ നാട്ടിലെ കുറച്ചു പേരെ കൂടി  എന്റെ വീട്ടില്‍ കേറ്റാതിരിക്കാനുള്ള പണി ഞാനായിട്ട് തന്നെ ഒപ്പിച്ചു എന്ന് മനസ്സില്‍ കരുതി ശബരിമലയ്ക്കുള്ള  എന്റെ തീര്‍ത്ഥാടന പദ്ധതിക്ക് ഞാന്‍ വിളക്ക് തെളിയിച്ചു .
                                                       നാട്ടിലെ ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അല്പ്പമെങ്ങിലും താല്‍പ്പര്യം കാട്ടിയത് മൂന്നേ മൂന്നു സുഹൃത്തുക്കള്‍ മാത്രം , ബാക്കി ആരെയും ഞാനായിട്ട് കെണിയില്‍ ചാടിച്ചിട്ടില്ല എന്നിട്ടും ബാക്കി ഉള്ളവര്‍ ഒഴിഞ്ഞതിന്റെ കാര്യം എന്നും എനിക്ക്  മനസ്സിലായിട്ടില്ല . മലയ്ക്ക് പോകാന്‍ ധൈര്യം കാണിച്ച (ധൈര്യം തന്നെ ആണേ , എന്റെ കൂടെ അല്ലെ വരുന്നത് ) ആ മൂന്ന് പേരില്‍ ഒരാള്‍ 1999 ലെ കാര്‍ഗ്ഗില്‍ വാറിന്റെ കാര്യം പേപ്പറില്‍ വായിച്ചു ,  പേടിച്ചു പനി വന്നു  ഒരാഴ്ച കേരളത്തിലെ  സ്കൂളില്‍ പോലും  പോകാത്ത " പട്ടാളം മനു ", ജോലിയും സ്വഭാവവും ഒന്ന് തന്നെ ആയ വാട്ടര്‍ അതോറിട്ടി ബിനീഷ് ,  സര്‍വ്വതെമ്മാടി  വല്ലഭനായ രോഹിത് ( ഞാന്‍ നേരത്തെ എന്റെ ഒരു കഥയില്‍  ഇവനെ കുറിച്ച് പറഞ്ഞിട്ടുണ്ട് , ഇവന്‍ കാരണം എന്റെ കോളേജിലെ പഠിത്തം ഇടയ്ക്ക് തീരേണ്ടതായിരുന്നു ) , പിന്നെ ഇതിനൊക്കെ അപവാദം ആയ ഞാനും കൂടെ ആണ് അവസാനം മലയ്ക്ക് പോയത്.
                                                      എന്തായാലും പോയിട്ട് വരുമ്പോഴേക്കും ഒരു  ഗുലുമാല്‍ നടക്കും (ഞാന്‍ ഉള്ള ഒരു കാര്യവും ഇന്നുവരെ നേരെ  ചൊവ്വേ നടന്നിട്ടില്ല) അപ്പൊ പിന്നെ ആഘോഷമായിട്ട് തന്നെ ആയിക്കളയാം  എന്നു ഞങ്ങള്‍ തീരുമാനിച്ചു . 
2 ബൈക്കില്‍ ശബരിമലയ്ക്ക് പോകാം എന്ന എന്റെ അഭിപ്രായത്തോട് സമ്മിശ്ര പ്രതികരണം ആണ് കിട്ടിയത് എങ്കിലും അവസാനം എന്റെ നിര്‍ബന്ധത്തിനു അവര്‍ വഴങ്ങി . പോകുന്നതിന്റെ തൊട്ടു മുന്‍പിലത്തെ ദിവസം ആണ് രോഹിതിനെ വീട്ടില്‍ നിന്നും മലയ്ക്ക് വിടില്ല എന്നു അവന്‍ വിളിച്ചു പറഞ്ഞത് , സമ്മതിച്ചതില്‍ ഒരുത്തന്‍ വരാതെ ആയാല്‍ ബാക്കി ഉള്ളവരുടെ വീട്ടില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടാകും എന്നറിയാവുന്നതിനാല്‍ , ഞാന്‍ ബാക്കി ഉള്ള രണ്ടു പേരുടെ അടുത്തും കാര്യം പറഞ്ഞില്ല. രോഹിതിനെ അന്ന് വീട്ടില്‍ നിന്നും ചാടിക്കാനുള്ള ഒരു തന്ത്രം  തരപ്പെട്ടു , പഠിച്ചു വെറുതെ നില്‍ക്കുന്ന സമയമായതിനാല്‍ "ഇന്റര്‍വ്യൂ " എന്നൊരു
 പ്രഹസനതിന്റെ  പേരില്‍ അവനെ വീട്ടില്‍ നിന്നും ഇറക്കാന്‍ തീരുമാനിച്ചു , അവന്‍ വീട്ടില്‍ ഉള്ളപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ വിളിച്ചു ഒരു ഇന്റര്‍വ്യൂ ന്റെ കാര്യം പറയും , എന്ത് വന്നാലും നീ ഫോണ്‍ എടുക്കരുത് ഞാന്‍  നിന്റെ വീടിലുള്ളവരുടെ അടുത്ത് പറഞ്ഞു കൊള്ളാം എന്ന കണ്ടിഷനില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു , ദൈവ സഹായത്താല്‍ എല്ലാം വിജയിച്ചു .  വീടിനു പുറത്തിറങ്ങിയ അവനെ കണ്ടു എന്റെ ചങ്ങിടിച്ചു ഫുള്‍ സ്ലീവ് ഷര്‍ട്ടും ബ്ലാക്ക്‌ പാന്റും , ശബരിമല ശാസ്താവ് വരെ ആ നിമിഷം കണ്ടു ചിരിച്ചു കാണും , ഈ ഡ്രെസ്സില്‍ അവനെയും  പൊക്കി കൊണ്ട് വീട്ടിലോട്ടു ചെന്നാല്‍ എല്ലാം പൊളിയും  അതുകൊണ്ട് അവനെയും പൊക്കി എടുത്തു ഞാന്‍ ഞങ്ങളുടെ അടുത്തുള്ള ഒരു സ്ഥലത്ത് കൊണ്ടാക്കി (സര്‍ട്ടിഫിക്കടും  ബാഗും വേറൊരു കൂട്ടുകാരെന്റെ വീട്ടില്‍ എത്തിച്ചു). ബാക്കി ഉള്ള ഞങ്ങള്‍ 3 പേരും അടുത്തുള്ള ഒരു അമ്പലത്തില്‍ നിന്നും കെട്ടും കെട്ടി കാവി കൈലിയും ഉടുത്തു , ഞങ്ങളുടെ സ്വന്തം ബൈക്കുകളില്‍ കേറി , രോഹിത് കേട്ട് കെട്ടുന്നത് അവന്റെ അടുത്തുള്ള വേറൊരു വീട്ടില്‍ നിന്നും ആണെന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി. 
                                                 വഴിയില്‍ നിന്നും രോഹിതിനെയും കേറ്റി ഞങ്ങള്‍ ഓച്ചിറയില്‍ പോയി. അവിടെ വെച്ച് മനസ്സു നിറഞ്ഞു പ്രാര്‍ത്ഥിച്ചു , ഭഗവാനെ ഇതെല്ലാം അങ്ങയെ കാണാന്‍ ഈ ഭക്തന്‍ ചെയ്യുന്ന കുഞ്ഞു കുഞ്ഞു അപരാധങ്ങള്‍ ആണേ ക്ഷമിക്കണേ എന്നും പ്രാര്‍ത്ഥിച്ചു. ഓച്ചിറയില്‍ വെച്ച് തന്നെ അവനു ഒരു കാവി കൈലിയും തോര്‍ത്തും വാങ്ങിച്ചു അവനെയും ഞങ്ങള്‍ ഒരു ടിപ്പിക്കല്‍ സ്വാമി ആക്കി മാറ്റി , ഞങ്ങള്‍ ഞങ്ങളുടെ യാത്ര തുടര്‍ന്നു.  ഈ കഷ്ടപെട്ടതെല്ലാം വെറുതെ ആയില്ല എന്നു ആദ്യം തന്നെ തോന്നി , മണ്ഡല കാലം അല്ലാത്തതിനാല്‍ ഒറ്റ മനുഷ്യരെ കാണാനില്ല , എങ്ങും നിബിഡമായ വനം മാത്രം , കാണുന്ന കാട്ടരുവികളിലും തോട്ടിലും എല്ലാം കേറി ഞങ്ങള്‍ അടിച്ചു പൊളിച്ചു ഞങ്ങള്‍ പമ്പയില്‍ എത്തി . ഇറിഗേഷന്‍ ഡിപ്പര്ട്ടു മെന്റില്‍  കേറി ബൈക്കും വെച്ച് ഞങ്ങള്‍ ഒരു മണിക്കൂറിനു  മുകളില്‍ പമ്പ നദിയില്‍ തിമിര്‍ത്തു. അപ്പോഴേക്കും വൈകുന്നേരം 6.30 ആയി  പതിയെ മല കേറാന്‍ തുടങ്ങി , പമ്പ ഗണപതിക്ക്‌ തേങ്ങ ഉടച്ച് ഞങ്ങള്‍ മല കേറാന്‍ പോയപ്പോള്‍ എനികൊരു ആഗ്രഹം കാടു കേറി പോയാലോ എന്നു , ദൈവ ഭാഗ്യത്താല്‍ അതിനു അവന്മാര്‍ സോറി മറ്റു സ്വാമിമാര്‍ സമ്മതിച്ചില്ല , ഏന്തിയും വലിഞ്ഞും  മല കേറി അങ്ങ് ചെന്നപ്പോഴേക്കും മണി 7.30 ആകാറായി . ദീപാരാധനയും  എന്റെ വക ഒരു ശയന  പ്രദിക്ഷണവും, പതിനെട്ടാം പടി പൂജയും എല്ലാം വളരെ അടുത്ത് നിന്ന് കണ്ടു  സംപൂജ്യരായി ഞങ്ങള്‍  മല ഇറങ്ങി പമ്പയില്‍ എത്തിയപ്പോള്‍ മണി അര്‍ദ്ധ രാത്രി 12 കഴിഞ്ഞു.
                                                      ബൈക്കിനു പോയതിനാലും , ബൈക്ക് വെക്കാന്‍ പ്രത്യേകിച്ചു  സ്ഥലം ഇല്ലാത്തതിനാലും ബൈക്കില്‍ ഞങ്ങള്‍ കുറച്ചു പെട്രോള്‍ മാത്രമേ നിറച്ചുള്ളൂ. പമ്പയില്‍ പെട്രോള്‍ പമ്പ് ഉണ്ടായതു കൊണ്ട് ,ദര്‍ശനം കഴിഞ്ഞു വരുമ്പോള്‍ നിറയ്ക്കാം എന്ന ചിന്തയിലായിരുന്നു. വലിയ തിരക്കില്ലാത്തത്‌ കൊണ്ട് അതിന്റെ ജോലിക്കാര്‍ പമ്പ് അടച്ചിട്ടു നേരത്തെ പോയി , ഞങ്ങള്‍ക്കനെങ്ങില്‍  അപ്പോള്‍ തന്നെ അവിടെ നിന്നും ഇറങ്ങുകയും വേണം . ഒരു വണ്ടിയില്‍ ടൌണ്‍ വരെ കഷ്ടിച്ച് എത്താനുള്ള എണ്ണയുണ്ട് , മറ്റേതില്‍ കുറച്ചു കൂടി കുറവ് , എന്തായാലും വരുന്നിടത്ത് വെച്ച് വണ്ടി നിര്‍ത്താം എന്നും പറഞ്ഞു യാത്ര തുടങ്ങി , ഒരു 4 കിലോമീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ യാത്ര എത്രമാത്രം ദുരിതം ആകുമെന്ന് മനസ്സിലായി , എണ്ണ എങ്ങാനും തീര്‍ന്നു വഴിയില്‍ കിടന്നാല്‍ അടുത്ത ദിവസത്തെ പേപ്പറില്‍ ചരമ കോളത്തില്‍ ഞങ്ങളുടെ 4 പേരുടെയും ഫോട്ടോ വരും, അത് പേടിച്ചു വീണ്ടും തിരിച്ചു പമ്പയിലോട്ട് പോയി , അവിടെ ചെന്ന് ഇറിഗേഷന്‍ ഡിപ്പര്ട്ടു മെന്റില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു ചേട്ടന്റെ എടുത്തു കുറച്ചു കള്ളം ഒക്കെ പറഞ്ഞു ചേട്ടന്റെ വണ്ടിയില്‍ നിന്നും ഞങ്ങള്‍ 2 ലിറ്റര്‍  എണ്ണ ഊറ്റി എടുത്തു. അതിനു പ്രേതുപകരമായി ചേട്ടന് 150 രൂപയും കൊടുത്തു.
                                                      അങ്ങനെ 1 മണി   ആയപ്പോഴേക്കും വീണ്ടും ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു , ഞങ്ങളുടെ കൂടെ 2 ഓട്ടോറിക്ഷക്കാരും ഉണ്ട് . മുന്നോട്ടു പോകുന്തോറും മകരമാസത്തിലെ മൂടല്‍മഞ്ഞു ഞങ്ങളുടെ കണ്ണിനു തടസ്സം സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു.  മഞ്ഞു കാരണം ഒരു 2 മീറ്ററിനു  അപ്പുറത്തേക്ക് ഒന്നും കാണാന്‍ വയ്യ , യാത്ര ദുസ്സഹ്യമായത് കൊണ്ട് കൂടെ വന്ന റിക്ഷക്കാര്‍ തിരികെ പോയി , അവര്‍ നാളയെ വരുന്നുള്ളൂ പോലും , ഞങ്ങളെയും അവര്‍ വിളിച്ചു നാളെ പോകാം ഇതു അപകടം ആണെന്ന് പറഞ്ഞു .  എങ്കിലും ഞങ്ങള്‍ യാത്ര തുടര്‍ന്നു . ഒന്നും രണ്ടും കിലോമീറ്റെര്‍ അല്ല 65 കിലോമീറ്റെര്‍  ആണ് കാട്ടില്‍ കൂടി യാത്ര ചെയ്യേണ്ടത് . ആകെ ചെയ്യാന്‍ പറ്റുന്നത് മുന്നില്‍ പോകുന്ന എന്റെ ബൈക്കില്‍ മാത്രം ലൈറ്റ് ഡിം ചെയ്ത്, ബാക്കി ഉള്ളവര്‍ ലൈറ്റ് ഓഫ്‌ ചെയ്ത് ഞങ്ങളുടെ പുറകെ വരുക എന്നുള്ളതാണ് , അങ്ങനെ മകരമാസത്തിലെ ആ കൊടും തണുപ്പത് , പേടിച്ചു വിറച്ചു പോവുകയാണ് , ഇടയ്ക്കിടയ്ക്ക് ചെവി കൂര്‍പ്പിച്ചു വെക്കും, എവിടെ എങ്കിലും ഒരു ചെറിയ അനക്കമോ, ചിന്നം വിളിയോ ഉണ്ടോ എന്നൊക്കെ നോക്കും , പോകുന്ന വഴിയില്‍ ഒരാന വന്നു നിന്നാലും ആനയെ ഇടിച്ചു കഴിഞ്ഞേ അറിയൂ അത്രയ്ക്ക് ഇരുട്ടു. അയ്യപ്പനെ സന്നിധാനത്ത് വെച്ച് വിളിച്ചതിലും കൂടുതല്‍ വിളിച്ചത് ബൈക്കില്‍ ഇരുന്നായിരുന്നു . 
                                                            കടമ്പകള്‍ എല്ലാം കഴിഞ്ഞു എന്നു കരുതി ഞങ്ങള്‍ അടൂര്‍ ടൌണില്‍ വെളുപ്പിനെ നാലു മണിയോടെ എത്തി , അപ്പോഴേക്കും രണ്ടാമത്തെ വണ്ടിയുടെ ടയര്‍ പഞ്ചര്‍ ആയി. പിന്നെ ആ നാട് റോഡില്‍ രാവിലെ 7 മണി വരെ കുത്തി ഇരുന്നു . ഇടയ്ക്ക് എന്റെ ഒരു ബന്ധുവിനെ വിളിച്ചു കാര്യം പറഞ്ഞു  ആ ചേട്ടന്‍ വന്നു ഞങ്ങളെ ഒരു പഞ്ചര്‍ കടയില്‍ എത്തിച്ചു , അവസാനം എല്ലാം കഴിഞ്ഞു , രോഹിതിനെ പഴയത് പോലെ എക്സിക്യൂട്ടീവ് ലുക്ക്‌ ഒക്കെ ആക്കി വീടിനു അടുത്ത് കൊണ്ടാക്കി . അങ്ങനെ ഞങ്ങളുടെ അതുവരെ ചെയ്തതും ഇനി ചെയ്യാനുള്ളത് മായ സകലമാന  പാപങ്ങളും കഴുകി തീര്‍ത്തു.
                                                             മണ്ഡലകാലം  അല്ലാത്തപ്പോ ഇനി ഒരിക്കല്‍ കൂടി പോകണം എന്നു ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. നാടിനും വീടിനും വലിയ ഉപകാരം ഇല്ലാത്തവരും , കിലോ കണക്കിന് പാപം തലയില്‍ ഉള്ളവരുമായ എന്റെ എല്ലാ 
സുഹൃത്തുക്കള്‍ക്കും  ഇതില്‍ പങ്ങേടുക്കാവുന്നതാണ്, താല്‍പ്പര്യം ഉള്ളവര്‍ മുന്‍കൂട്ടി അറിയിക്കുക.

                                                                                                                      ****ശുഭം****